പിഎം കിസാന്‍ സമ്മാന്‍ നിധിക്ക് 13ാം ഗഡു അനുവദിച്ചു; എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറി
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് 13ാം ഗഡു അനുവദിച്ചു. എട്ട് കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പി എം കിസാന്‍ പദ്ധതിയില്‍ 2000 രൂപ വീതമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
കര്‍ണാടകയിലെ ബെലഗാവിയില്‍ വച്ച് നടന്ന ചടങ്ങിലാണ് രാജ്യത്തെ എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് നല്‍കുന്നത്.
പരിപാടിയില്‍ പുനര്‍നിര്‍മിച്ച ബെലഗാവി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടവും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍വികസിപ്പിച്ചിരിക്കുന്നത്.
ബെലഗാവിയില്‍ കേന്ദ്രത്തിന്റെ ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള ആറ് പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. ഏകദേശം 1,585 കോടി രൂപ ചെലവിലാണ് പദ്ധതി. 315ലധികം ഗ്രാമങ്ങളില്‍ താമസിക്കുന്ന 8.8 ലക്ഷം ആളുകള്‍ക്ക് പ്രയോജനം നേടുന്നതാണ് പദ്ധതിയെന്നാണ് അവകാശവാദം.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി,സഹമന്ത്രി ശോഭ കരന്ദ്‌ലാജെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ പ്രധാനമന്ത്രിയുടെ വരവ് രാഷ്ട്രീയമായി ഏറെ പ്രധാനപ്പെട്ടതാണ്.