രാജ്യത്ത് വിദേശ കറൻസിയും സ്വർണ ശേഖരവും കുറയുന്നു; ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം മൂന്നാഴ്ചയായി താഴേക്ക്
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്ക് പ്രകാരം 5.681 ബില്യൺ യുഎസ് ഡോളറായിരുന്ന വിദേശനാണ്യ കരുതൽ ശേഖരമാണ് ഫെബ്രുവരി 17 ഓടെ 561.267 ബില്യൺ യുഎസ്ഡിയിലേക്ക് കൂപ്പുകുത്തിയത്.
ഫെബ്രുവരി 3ന് അവസാനിച്ച ആ ആഴ്ചയിലെ കരുതൽ ശേഖരത്തിൽ 8.319 യുഎസ്ഡിയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ വിദേശനാണ്യ കരുതൽ ശേഖരം 566.948 ബില്യൺ യുഎസ്ഡിയിൽ എത്തിയിരുന്നു.
വിദേശനാണ്യ കരുതൽ ശേഖരത്തിലെ ഏറ്റവും വലിയ ഭാഗമായ കറൻസി അസറ്റ് 4.515 ബില്യണായി കുറഞ്ഞിരിക്കുകയാണ്. സ്വർണ ശേഖരത്തിൽ 1.045 ബില്യണിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ ശേഖരം 41.817 ബില്യണിലേക്ക് ചുരുങ്ങി.
2022 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം 633 ബില്യണായിരുന്നു. ആർബിഐയുടെ പുതിയ ഇടപെടലുകളും ഇറക്കുമതി നിരക്ക് കൂടിയതുമാണ് വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഇടിവ് വരാൻ പ്രധാന കാരണം. ഒക്ടോബർ 2021 ൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏക്കാലത്തേയും ഉയർന്ന തുകയായ 645 ബില്യണിൽ എത്തിയിരുന്നു. എന്നാൽ രൂപയുടെ മൂല്യം ഇടിയുന്നത് തടയാനുള്ള ആർബിയുടെ ഇടപെടലുകളുടെ ഫലമായി മാസങ്ങളായി ഫോറക്‌സ് റിസർവ് കൂപ്പുകുത്തുന്ന കാഴ്ചയാണ് കുറച്ച് മാസങ്ങളായി കാണുന്നത്.