കൊച്ചിയിലെ കുടിവെള്ള പ്രശ്നം; നാല് വലിയ ടാങ്കറുകൾ സജ്ജമാക്കി, കൺട്രോൾ റൂം നാളെ രാവിലെ തുറക്കും
കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. കൺട്രോൾ റൂം നാളെ രാവിലെ തുറക്കും. നാല് വലിയ ടാങ്കറുകൾ സജ്ജമാക്കി. 180 കി.ലി വെള്ളം ഒരു സമയം വിതരണം ചെയ്യും. 12 ചെറു ടാങ്കറുകളിലായി വെള്ളം എത്തിച്ച് നൽകും. വെളി മൈതാനത്ത് നിന്ന് മാത്രമായിരിരിക്കും ജല വിതരണം ഉണ്ടാകുക. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതൽ ടാങ്കറുകൾ ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു . ദുരന്ത നിവാരണ നിയമം സെക്ഷൻ 65 പ്രകാരമാണ് ടാങ്കറുകൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉത്തരവിട്ടത്.
ചെറിയ ടാങ്കറുകൾ ഇല്ലാത്തതിനാൽ ഇടറോഡുകളിൽ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. ടാങ്കറുകൾ ഏറ്റെടുക്കാൻ എറണാകുളം, മൂവാറ്റുപുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു. ജലവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഫോർട്ട്‌കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം സജ്ജമാക്കും.മാസങ്ങളായി കുടിവെള്ളമില്ലാതെവിഷമിക്കുകയാണ് ഫോർട്ട്കൊച്ചിയിലെ ജനങ്ങൾ.കുട്ടികൾക്ക് സ്കൂളിൽ പോലും പോകാനാകാത്ത അവസ്ഥയിലാണ്.