Tuesday, April 15, 2025
Kerala

വയനാട് ഉൾപ്പടെ സംസ്ഥാനത്തെ നൂറോളം മോഷണക്കേസുകളിലെ പ്രതികള്‍ അറസ്റ്റിൽ

തൃശൂര്‍: ചാവക്കാട് ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് പനയ്ക്കല്‍ ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. ചാവക്കാട് തിരുവത്രയിലുള്ള ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ നിന്ന് ഇവര്‍ 36 പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്.

നവംബര്‍ മൂന്നിന് വലിയകത്ത് അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പുറകിലുള്ള വാതില്‍ പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

സംസ്ഥാനത്തെ നൂറോളം മോഷണക്കേസുകളിലെ പ്രതികള്‍ ആണ് ഇവര്‍. അതുകൊണ്ടു തന്നെ നിരവധി കേസുകളില്‍ വ്യക്തത വന്നെന്നു പൊലീസ് അറിയിച്ചു.

ചാവക്കാട്ടെ മോഷണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളില്‍ താമസിച്ചു വരികയായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തതിനാല്‍ പിടികൂടുക ദുഷ്കരം ആയിരുന്നു. കേസില്‍ നേരത്തെ പിടിയില്‍ ആയ സുഹൈല്‍ എന്നയാളില്‍ നിന്നു കിട്ടിയ വിവരത്തെ തുടര്‍ന്നാണ് സത്യമംഗലത്ത് ഇരുവരേയും പിടികൂടിയത്.

വായനാട്ടിലെയും തലപ്പുഴയിലെയും മോഷണം തങ്ങള്‍ ആണ് ചെയ്‍തത് എന്നു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കത്തു നിരവധി മലഞ്ചരക്ക് സ്ഥാപനങ്ങളില്‍ മോഷണം നടത്തി ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍ എടുത്തതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *