വയനാടിനഭിമാനം : ദേശീയ പുരസ്‌കാര നിറവിൽ സലിം പിച്ചൻ
കൽപ്പറ്റ: പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ ജീവനകാരനും പരിസ്ഥിതി നിരീക്ഷകനുമായ സലിം പിച്ചൻ 2020 ലെ ബയോഡൈവേഴ്‌സിറ്റി കോൺക്ലേവ് ഓഫ് ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അവാർഡ് കരസ്ഥമാക്കി സലിം പിച്ചൻ കോളേജിന്റെ പടി ചവിട്ടാതെ സസ്യ ശാസ്ത്ര ലോകത്തെ തന്റേതായ പേര് പതിപ്പിച്ച വ്യക്തിയാണ്. . . പശ്ചിമഘട്ടത്തിൽ നിന്നുള്ള ഇന്ദ്രെല്ല ആമ്പുള്ള എന്ന ഒച്ചുകളുടെ ദൃശ്യം, ലവ് മേക്കിങ് എന്ന പേരിലാണ് ഇദ്ദേഹം പകർത്തിയത്. കഴിഞ്ഞ ഇരുപത് വർഷങ്ങളായി പശ്ചിമഘട്ടങ്ങളിൽ അപൂർവ സസ്യങ്ങളെ കണ്ടെത്താനും ഫീൽഡ് ബോട്ടണി പഠനങ്ങൾ നടത്താനുമുള്ള തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. ഈ കാലമിത്രയും പശ്ചിമഘട്ടത്തിലെ നൂതനമാറ്റങ്ങൾക്കും വേണ്ടി സലിം പിച്ചൻ ജീവിതം സമർപ്പിച്ചിരിക്കുകയാണ്. ബിരുദങ്ങളുടെ പിൻബലമില്ലാതെ എട്ടോളം പ്രബന്ധങ്ങൾ ചെയ്തിട്ടുണ്ട്. അറിവിന് അക്കാഡമിക് പഠനം മാത്രം പോരെന്ന് തെളിയിച്ച വ്യക്തി. മറ്റാരുടെയും കണ്ണുകൾ പെടാത്ത ഒരുപാട് സസ്യ ഇനങ്ങൾ ഇപ്പോഴും സലിം പിച്ചന്റെ കൈയിലുണ്ട്. മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയായ ഇദ്ദേഹം നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും കൈവരിച്ചിട്ടുണ്ട്. കേരളാ ജൈവ വൈവിധ്യ ബോർഡിൻ്റെ ഏറ്റവും നല്ല ഫോട്ടോഗ്രാഫിക്കുള്ള പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കിയിട്ടുണ്ട്. കൽപ്പറ്റ വെങ്ങപ്പള്ളി സ്വദേശിയാണ് സലിം പിച്ചൻ.