ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെട്ട 36 ക്രിമിനൽ കേസുകൾ
എംപിമാരും എംഎൽഎമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചു. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചതെന്ന് ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 കേസുകളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിൽ നിന്ന് 10 കേസുകളുമമാണ് പിൻവലിച്ചത്.
തളിപ്പറമ്പ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി കോടതിയിൽ നിന്ന് ഒരു കേസും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ച കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർ സത്യവാങ്മൂലം സമർപ്പിച്ചത്.