കൊറോണാ രക്ഷക് പോളിസി: ഇന്‍ഷൂറന്‍സ് തുക നല്‍കാത്തതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
മലപ്പുറം: കൊറോണാ രക്ഷക് പോളിസിയെടുത്തയാള്‍ക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കാത്തതിന് പിഴ നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷന്‍.രണ്ട് ലക്ഷം രൂപയു പിഴയും സേവനത്തില്‍ വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എടവണ്ണ പൂവത്തിക്കല്‍ സ്വദേശി ജില്‍ഷ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
പരാതിക്കാരി കൊവിഡ് ബാധിച്ച് പത്ത് ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂര്‍ സമയം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നാല്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന വ്യവസ്ഥ നിലനില്‍ക്കേ ചികിത്സ കഴിഞ്ഞ് ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും ആനുകൂല്യം നല്‍കിയിരുന്നില്ല. പരാതിക്കാരിയുടെ രോഗവിവരങ്ങള്‍ പരിശോധിച്ചതില്‍ വീട്ടില്‍ തന്നെ കഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞാണ് ഇന്‍ഷൂറന്‍സ് അനുകൂല്യം നിഷേധിച്ചത്.
എന്നാല്‍ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഈ കാര്യത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ നിലപാടിന് യാതൊരു പ്രസക്തിയുമില്ലെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമനും സി.വി. മുഹമ്മദ് ഇസ്മായിലും മെമ്പര്‍മാരായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു. ഇഫ്കോ ടോക്കിയോ ഇന്‍ഷുറന്‍സ് കമ്പനിയാണ് പണം നല്‍കേണ്ടത്. ഒരു മാസത്തിനകം വിധി നടപ്പാക്കാതിരുന്നാല്‍ വിധി തിയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണം.