Wednesday, January 8, 2025
Kerala

ബസ് വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി: കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാന യാത്ര മുടങ്ങിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍വില്ലയില്‍ ഇ.എം. നസ്‌നക്ക് 51,552 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ലോക് അദാലത്തിന്റെ വിധി. കെ.എസ്.ആര്‍.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പരാതിക്കാരി ഹരജി നല്‍കിയത്.

ബംഗളുരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്നതിന് കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് പരാതിക്കാരിയും ഭര്‍ത്താവും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ബസ് ക്രമാതീതമായി വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി. ബസ് മൈസൂരിലെത്തിയത് നാലര മണിക്കൂര്‍ വൈകിയിട്ടാണ്. ഇതോടെ മൈസൂരില്‍ ഇറങ്ങി ബാംഗ്ലൂരിലേക്ക് ടാക്‌സി വിളിക്കേണ്ടി വന്നു. പക്ഷേ വിമാനത്തില്‍ പോകാനായില്ല. തുടര്‍ന്ന് മറ്റൊരു ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു എന്നായിരുന്നു പരാതി.

മൂന്നുമാസത്തിനകം പണം നല്കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്കണമെന്നും ലോക് അദാലത്ത് വിധിച്ചു. സംഭവവത്തിന് ഉത്തരവാദികളായ ബസ് ജീവനക്കാരില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് തുക ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *