പിങ്ക് പോലീസുദ്യോഗസ്ഥ പൊതുമധ്യത്തിൽ അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
ആറ്റിങ്ങലിൽ പിങ്ക് പോലീസുദ്യോഗസ്ഥ പൊതുമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണം. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്പത് ലക്ഷം രൂപ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
പെൺകുട്ടി വലിയ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നത്. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം. സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
എത്ര രൂപ നൽകാനാകുമെന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. എന്നാൽ സർക്കാരുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ മറുപടി പറയാനാകൂവെന്ന് അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് കോടതി തിങ്കളാഴ്ച വരെ സമയം അനുവദിച്ചു.