Wednesday, January 8, 2025
National

നായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് (എംസിജി) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. എംസിജിക്ക് നഷ്ടപരിഹാര തുക നായയുടെ ഉടമയിൽ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു.

ഓഗസ്റ്റ് 11നാണ് സ്ത്രീക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. വീട്ടുജോലിക്കാരിയായ മുന്നി ഭാര്യാസഹോദരിക്കൊപ്പം ജോലിക്ക് പോകുമ്പോൾ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ യുവതിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ‘ഡോഗോ അര്‍ജന്‍റീനോ’ ഇനത്തില്‍ പെടുന്നതാണ് തന്‍റെ നായയെന്ന് ഉടമ പിന്നീട് അറിയിക്കുകയായിരുന്നു. നായയെ കസ്റ്റഡിയിലെടുക്കണമെന്നും നായയെ വളര്‍ത്താനുള്ള ഉടമയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഫോറം എം.സി.ജിക്ക് നിര്‍ദേശം നല്‍കി.

11 വിദേശ ഇനത്തില്‍ പെട്ട നായകളെ നിരോധിക്കാനും തെരുവുനായകളെ ഷെല്‍റ്ററിലേക്ക് മാറ്റാനും ഫോറം ഉത്തരവിട്ടു. മൂന്ന് മാസത്തിനകം വളർത്തുനായ്ക്കൾക്കായി നയം രൂപീകരിക്കാനും ഫോറം എംസിജിക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *