Thursday, January 9, 2025
Kerala

തിരുവനന്തപുരം നഗരസഭാ ബജറ്റ്: 1640 കോടിയുടെ വികസന പ്രവർത്തനങ്ങൾ; അഭിമാനമെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭാ ബജറ്റിൽ 1640 കോടിയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നൽ നൽകിയാകും തിരുവനന്തപുരം കോര്‍പ്പറേഷൻ്റെ ബജറ്റെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

322 കോടിരൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. പാര്‍പ്പിട നിര്‍മ്മാണത്തിന് 125 കോടിയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 43 കോടി രൂപയുമാണ് വകയിരുത്തിയത്.

1504 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 28 മേഖലയായി തരംതിരിച്ചാണ് പദ്ധതികൾ. 10 പുതിയ മാതൃകാ റോഡ്, മാര്‍ക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, പാര്‍ക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാമുഖ്യം.

കാര്‍ബൺ രഹിത പദ്ധതിയ്ക്ക് 55 കോടി. 100 ഇലക്ട്രിക് ബസ്സുകൾ കെഎസ്‍ആര്‍ടിസിയ്ക്ക് നഗരസഭ വാങ്ങി നൽകും. തെരുവുവിളക്കുകൾ എൽഇഡിയാക്കും. കാര്‍ബൺ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങൾക്ക് 10 ശതമാനം നികുതി ഇളവ്. പാര്‍ട്ടിപ്പിട നിര്‍മ്മാണത്തിന് 125 കോടി. ലൈഫ് പദ്ധതിയിൽ 2000 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും.

43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതിയിൽ ഒരുലക്ഷം വീടുകളിൽ ജൈവ അടുക്കള സ്ഥാപിക്കും. ഏഴുവര്‍ഷം കൊണ്ട് മുഴുവൻ വാര്‍ഡുകളിലും ഓടകൾ സ്ഥാപിക്കും. മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂര്‍ കോൾ സെന്‍ററുമുണ്ടാകും. കുടിവെള്ളവിതരണത്തിന് 28 കോടി. 25,000 പേര്‍ക്ക് പുതുതായി കണക്ഷൻ നൽകും.

10 സ്കൂളുകളിൽ ഓപ്പൺ ജിമ്മിനായി 2 കോടി ഉൾപ്പെടെ സമഗ്ര വിദ്യാഭ്യാസ പാക്കേജിന് 60 കോടി. ആരോഗ്യമേഖലയ്ക്ക് 58 കോടിയും കാര്‍ഷിക മേഖലയ്ക്ക് 28 കോടിയും. വിദേശ നഗരങ്ങളുമായുള്ള സാസ്കാരിക സാങ്കേതിക വിനിമയത്തിന് ഇരട്ട നഗരം പദ്ധതിയ്ക്കായി 12 കോടി. സമാധാന നഗരമായി മാറാൻ ഒരു കോടി.

തീരദേശ സമഗ്രവികസനത്തിന് 28 കോടിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഐസ് ബോക്സ് ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയം വിതരണം ചെയ്യും. സുരക്ഷിത യാത്രയ്ക്കായി 98 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കുമെന്നും നഗരസഭ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *