ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലമാറ്റമില്ലാതെ തുടരുന്നു. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിരീക്ഷണം തുടരുന്നതായി ഡോക്‌ടേഴ്‌സ് അറിയിച്ചു.
അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്ക്ഷോർ ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.