Tuesday, January 7, 2025
Kerala

ആറ്റുകാൽ പൊങ്കാല; 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്, ചുടുകല്ല് ലൈഫ് പദ്ധതിക്ക്; ആര്യ രാജേന്ദ്രൻ

ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കെ എസ് ഇ ബിയുടെ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും അനുവദിച്ചു.

തിരുവനന്തപുരം നഗരത്തിൽ എത്തുന്ന എല്ലാവരും നമ്മുടെ അതിഥികളാണ് അവരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മേയർ അറിയിച്ചു. എല്ലാ സൗകര്യങ്ങളും നൽകുക എന്നതാണ് പ്രധാനം. നഗരത്തിലെ എല്ലാ കടകളും സ്ത്രീകൾക്കായുള്ള സൗകര്യ സംവിധാനത്തിനായി സൗകര്യമൊരുക്കാൻ വ്യാപാര വ്യവസായി സമിതിയുമായി ചർച്ച നടത്തി.

അന്നദാനം നടത്താൻ ഉദ്ദേശിക്കുന്നവർ നഗരസഭയിലെ ആപ്പ് വഴി രജിസ്ട്രേഷൻ നടത്തണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കിയായിരിക്കും അന്നദാനം നടക്കുക. അലങ്കാരത്തിന് പ്രകൃതി സൗഹാർദ വസ്തുക്കളാണ് നിർമ്മിക്കുന്നത്.

പൊങ്കാല ഇട്ടതിന് ശേഷം ഉള്ള മാലിന്യങ്ങൾ അന്ന് രാത്രി തന്നെ ഉടൻ നീക്കം ചെയ്യും. നഗരസഭ സംവിധാനത്തിന് പുറമെ വിവിധ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കും. പൊങ്കാലയ്ക്ക് വരുന്നവർ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. അടുപ്പുകൾ തമ്മിൽ അകലം പാലിക്കണം. താപനില കൂടുതലായതിനാൽ കുട്ടികളും പ്രായമായവരും കൂടുതൽ ശ്രദ്ധിക്കണം.

പൊങ്കാല കല്ലുകൾ പൊങ്കാല ഇട്ട സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുക.കല്ലുകൾ ഭാവന പദ്ധതിക്കായി പിന്നീട് ഉപയോഗിക്കും. ഭക്ഷ്യ വകുപ്പിന്റെ കൂടുതൽ പരിശോധനകൾ തുടരും. കുടിവെള്ള വിതരണത്തിന് നഗരസഭയുടെ 25 വാഹങ്ങൾ ഉണ്ടാകും. നഗരസഭ പ്രാദേശികമായി പിരിവുകൾ നടത്തുന്നതായി തെറ്റായ വാർത്തകൾ വരുന്നുണ്ട്. അത് ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മേയർ കൂട്ടിച്ചെർത്തു.

Leave a Reply

Your email address will not be published. Required fields are marked *