കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ കാമ്പസ് വിട്ടു
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ കാമ്പസ് വിട്ടു. കാമ്പസില്‍ തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജും ഹോസ്റ്റലും ജനുവരി 8 വരെ അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. അതേസമയം ക്യാമ്പസ് തുറന്നാല്‍ വീണ്ടും സമരം തുടങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷയം പരിഹരിക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് വിദ്യാര്‍ത്ഥികള്‍ വിശ്വാസത്തില്‍ എടുത്തിട്ടില്ല. പുതിയ അന്വേഷണ സമിതിയെ രൂപീകരിച്ച് വിഷയം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട് ഡിസംബര്‍ മുതലാണ് കോളജ് കവാടത്തില്‍ വിദ്യാര്‍ഥി സമരം തുടങ്ങിയത്.
കോളജില്‍ അന്വേഷണ കമ്മീഷന്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുകയും ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി എത്തിയത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി സന്നദ്ധത അറിയിച്ചുവെന്ന പ്രചരണവും മന്ത്രി തള്ളിയിരുന്നില്ല.