ഹീന പ്രവണതകൾ ലജ്ജാകരം’; സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്
കോഴിക്കോട്: സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്. സഭയിൽ നടമാടുന്ന ഹീന പ്രവണതകൾ ലജ്ജാകരമാണ്. അത്തരം സംഭവങ്ങളിൽ വിശ്വാസികൾക്കുണ്ടായ ദുഃഖത്തിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ് മാർ. ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി കണിയാരം കത്തീഡ്രലിൽ നടന്ന പാതിര കുർബാനയിൽ ക്രിസ്മസ് സന്ദേശം നൽകുന്നതിന് ഇടയിലായിരുന്നു ബിഷപ്പിൻ്റെ മാപ്പ് പറച്ചിൽ.
കഴിഞ്ഞ ദിവസം കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയായി. സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാൻ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് സിറോ മലബാർ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. പള്ളി പരിസരത്ത് 18 മണിക്കൂർ നേരമാണ് സംഘർഷാവസ്ഥ നീണ്ടുനിന്നത്. അൾത്താരയിൽ അസഭ്യവർഷവും ഏറ്റുമുട്ടലും ഉണ്ടായി. പ്രതിഷേധക്കാര്‍ വൈദികരെ കയ്യേറ്റം ചെയ്തു, ബലിപീഠം തള്ളിമാറ്റി, വിളക്കുകൾ തകർത്തു. പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷം അതിരുവിട്ടതോടെ പൊലീസ് ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.