ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; പണം നഷ്ടപ്പെട്ടവർ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണം: ശോഭാ സുരേന്ദ്രൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് പക്ഷേ, പണം നഷ്ടപ്പെട്ടവർ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
അസുഖം വന്നാൽ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരിൽ ഉള്ളത്. പണം നഷ്ടപ്പെട്ടുപോയ സഹകാരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കാണ്. അയ്യന്തോളിൽ സഹകാരികൾ നിക്ഷേപിച്ച പണം തിരികെ കിട്ടണം എന്ന് പറഞ്ഞപ്പോൾ അത്ര പെട്ടെന്ന് തരാൻ കഴിയില്ല എന്നാണ് പ്രസിഡൻ്റ് അറിയിച്ചത്. കരുവന്നൂരിൽ നിന്ന് തട്ടിയ പണം വിദേശത്തേക്ക് പോലും കടത്തി. പി സതീഷ് കുമാർ പണം നിക്ഷേപിച്ചത് വിദേശത്താണ്. പിന്നെ എവിടെ നിന്ന് പണമെടുത്ത് മുഖ്യമന്ത്രി സഹകാരികൾക്ക് കൊടുക്കും? – ശോഭ ചോദിക്കുന്നു.
സഹകരണ മന്ത്രി വി എൻ വാസവൻ വെറും പാർട്ടി നേതാവായി മാത്രം പെരുമാറുന്നു. അടിയന്തരമായി പണം നഷ്ടപ്പെട്ടവർക്ക് പണം വിതരണം ചെയ്യാൻ സഹകരണ വകുപ്പ് തയ്യാറാകണം. സഹകരണ വകുപ്പ് സിപിഐഎമ്മിന്റെ കയ്യിൽ നിന്ന് മാറ്റാൻ ഘടകകക്ഷികൾ തയ്യാറാകണം. ഊരാളുങ്കൽ സൊസൈറ്റി ആരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്ര ഷെയർ ആണ് സർക്കാരിൻറെ കയ്യിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം.
സതീശനെ കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് എ സി മൊയ്തീനാണ്. പലതവണ പരാതിപ്പെട്ടിട്ടും എ സി മൊയ്തീൻ മൗനമാണ് തുടർന്നത്. അന്യായത്തിന് കൂട്ടുനിൽക്കുന്ന നിലപാടാണ് പാർട്ടിക്കും സർക്കാരിനുമെന്നും ശോഭ കുറ്റപ്പെടുത്തി.
അതേസമയം, സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. സഹകരണ മേഖലയെ തകർക്കാൻ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച ഒരാൾക്ക് പോലും ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പ് നൽകുന്നു. കേരളത്തിന്റെ സഹകരണ മേഖല ശക്തമാണെന്നും സഹകരണ മേഖലയെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.