പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പില്‍ സിപിഐഎമ്മില്‍ സമവായം; ടിഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുത്തു
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഐഎമ്മില്‍ സമവായം. പരാതിക്കാരനായ വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പി സന്തോഷാണ് പുതിയ ഏരിയ സെക്രട്ടറി. ടിഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎമ്മിന് ഏറെ സംഘടനാ ശേഷിയുള്ള കണ്ണൂരിലെ പയ്യന്നൂരില്‍ നടന്ന ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. രക്തസാക്ഷി ഫണ്ട് അടക്കം വിവിധ ഫണ്ടുകളില്‍ 2കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ അംഗമായിരുന്ന ടി ഐ മധുസൂദനനെതിരായിരുന്നു ക്രമേക്കട് ആരോപണം. ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത കുറവുണ്ടായി എന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ടിഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
Read Also: കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ നടപടി; രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല
അന്നത്തെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണനാണ് ടിഐ മധുസൂദനന്‍ അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ കുഞ്ഞികൃഷ്ണന് ഏരിയ സെക്രട്ടറി പദവിയും നഷ്ടമായി. പിന്നീട് സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷാണ് ഏരിയാ സെക്രട്ടറി പദവി വഹിച്ചിരുന്നത്. ഇപ്പോള്‍ ടിഐ മധുസൂദനനെ സംരക്ഷിക്കാനുള്ള നടപടിയാണ് നേതൃത്വം കൈകൊള്ളുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജില്ലാ നേതൃയോഗം ചേര്‍ന്നാണ് മധുസൂദനനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമായത്. എന്നാല്‍ ഏരിയ സെക്രട്ടറി പദവിയിലേക്ക് വി കുഞ്ഞികൃഷ്ണനെ തിരിച്ചെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.