‘വയനാട് വാഹനാപകടം അത്യന്തം ദുഃഖകരം’; പരുക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ; രാഹുൽ ഗാന്ധി
വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി എംപി ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. പരുക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്.
അതേസമയം, വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരുക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.