Monday, January 6, 2025
Kerala

വയനാട്ടിലെ വാഹനാപകടം; മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക്

വയനാട് മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾ മരിച്ച സംഭവത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരുക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.

വയനാട് തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. തേയില നുള്ളാൻ പോയി തിരികെവരികയായിരുന്നു ഇവർ. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരിൽ 6 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മക്കി മലയിൽ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം വിടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്നു പേർ മരിച്ചിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *