Thursday, January 2, 2025
Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടൻ ഇല്ല; സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.

സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കും.

സ്മാര്‍ട്ട് മീറ്ററിന്‍റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്മെന്‍റ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജ്ജുകള്‍, മറ്റ് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള ചാര്‍ജ്ജുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആന്‍റ് മെയ്ന്‍റനന്‍സ് ചാര്‍ജ്ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്സ് മാതൃക.

ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.

പുതിയ സംവിധാനത്തില്‍ ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍ കെഎസ്ഇബിതന്നെ രുപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെന്‍റ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാര്‍ തന്നെ നടത്തും.

കെഎസ്ഇബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെ പേരെയാണ് ഈ സംവിധാനത്തിന്‍റെ ഭാഗമാക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നല്‍കാനാകുമോ എന്നകാര്യം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *