Thursday, January 23, 2025
Kerala

കല്യാണവീട്ടിൽ രാഷ്ട്രീയ തർക്കം; സിപിഐ പ്രവർത്തകന്റെ തള്ളവിരൽ കടിച്ചെടുത്ത് തുപ്പി സിപിഐഎം പ്രവർത്തകൻ

കല്യാണവീട്ടിൽ അയൽവാസികളും ബന്ധുക്കളുമായ സി.പി.ഐ.-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ രാഷ്ട്രീയതർക്കത്തിൽ സി.പി.ഐക്കാരന്റെ തള്ളവിരൽ കടിച്ചുമുറിച്ചു.

ഞായറാഴ്ച രാത്രി മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്തുനടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. മൂലവട്ടത്തെ ഒരുവീട്ടിൽ വിവാഹ സത്കാരത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. സി.പി.ഐ.ക്കാരൻ അടുത്തിടെ സി.പി.എം വിട്ടാണ് പാർട്ടിയിലെത്തിയത്. ഇതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. മറ്റുള്ളവർ ഇരുവരെയും പിന്തിരിപ്പിച്ചുവിട്ടു. പിന്നീട് മൂലവട്ടം ജങ്ഷനിൽവെച്ചുണ്ടായ സംഘർഷത്തിലാണ് സി.പി.ഐ. പ്രവർത്തകന്റെ ഇടതുതള്ളവിരൽ കടിച്ചുമുറിച്ചത്. രക്തംവാർന്നുനിന്ന സി.പി.ഐ പ്രവർത്തകനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്തവിധം ചതഞ്ഞിരുന്നു.

കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നം പാർട്ടി നേതാക്കൾ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *