മൂത്ത മകനെ കെട്ടി തൂക്കിയത് ജീവനോടെ; ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷം; കണ്ണൂർ ചെറുപുഴയിലെ കൂട്ട ആത്മഹത്യയിലെ വിവരങ്ങൾ പുറത്ത്
കണ്ണൂർ ചെറുപുഴയിൽ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്. കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയായിരുന്നു. മൂന്ന് കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്ക ഗുളിക നൽകിയ ശേഷമാണ് കെട്ടിതൂക്കിയത്. എന്നാൽ കെട്ടി തൂക്കുംമുൻപ് മൂത്ത മകൻ മരിച്ചിരുന്നില്ല. ശ്രീജയുടെയും ഷാജിയുടെയും തൂങ്ങി മരണമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഞ്ചു പേരുടെയും ദേഹത്ത് കാര്യമായ മുറിവുകൾ ഒന്നുമില്ല.
ഇന്നലെ പുലർച്ചെ 6 മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, മക്കളായ 12 ഉം 10 ഉം 8 ഉം വയസ്സുള്ള സൂരജ്, സുജിൻ, സുരഭി ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ വഴക്കിട്ടിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.