Tuesday, April 15, 2025
Kerala

ആർഎസ്‌എസ് നിരോധനവും ഗുജറാത്ത് കലാപവും: കേന്ദ്രം ഒഴിവാക്കിയ ‘ചരിത്രം’ കേരളം പഠിപ്പിക്കും

എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരളത്തിന്‍റെ തീരുമാനം. മുഗൾ സാമ്രാജ്യം, ഗുജറാത്ത് കലാപം ഉൾപ്പെടെ ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ്‌സിഇആർടി ഇതിനായി സപ്ലിമെന്‍ററി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും.

ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാ​ഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉണ്ടായി.

ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു, ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു, ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു ,ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രസ്ഥാനം എന്നിവയാണ് ഈ വർഷം എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ.

എന്നാൽ സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം.ആര്‍എസ്എസ് നിരോധനം, ജാതിവ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *