Monday, April 14, 2025
Kerala

കമ്പനികൾ ഒത്തുകളിച്ചു; എഐ ക്യാമറ ടെൻഡർ ദുരൂഹമെന്ന് ആവർത്തിച്ച് വി.ഡി സതീശൻ

എഐ ക്യാമറ സ്ഥാപിച്ചതിൽ വീണ്ടും അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SRITന് കരാർ കിട്ടാൻ വേണ്ടി മറ്റ് രണ്ട് കമ്പനികളെ ചേർത്ത് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കരാർ കിട്ടാൻ മത്സരത്തിൽ പങ്കെടുത്ത മൂന്ന് കമ്പനികൾ തമ്മിൽ ഒത്തുകളിച്ചു. SRITന്‌ സാങ്കേതിക മികവില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.

അക്ഷരാ എൻ്റെർപ്രൈസസ് , അശോക ബിൽകോൺ എന്ന കമ്പനികളാണ് കരാറിനൊപ്പമുള്ള മറ്റുള്ളവ. അശോക ബിൽകോണിന്
സാങ്കേതിക പരിജ്ഞാനമില്ല. പാലങ്ങളും റോഡും റെയിൽവേയുടെയും കോൺ​ട്രാക്റ്റ് വർക്ക് ഏറ്റെടുത്ത് നടക്കുന്ന ഒരു നിർമാണ കമ്പനി മാത്രമണിത്. പക്ഷേ ഇവർക്ക് രണ്ട് പേർക്കും SRIT കമ്പനിയുമായി ബന്ധമുണ്ടെന്ന് വി ഡി സതീശൻ ആരോപിച്ചു.

ഈ അഴിമതികൾക്കെല്ലാം പിന്നിൽ കണ്ണൂരിൽ കറങ്ങി നിൽക്കുന്ന കമ്പനികളാണ്. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരും. ഇതിനായുള്ള തെളിവ് ശേഖരിക്കുകയാണെന്നും നിയമനടപടികൾ ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

എഐ ക്യാമറ സ്ഥാപിച്ചതിൽ തുടക്കം മുതൽ തന്നെ പ്രതിപക്ഷ നേതാവ് ദുരൂഹത ആരോപിച്ചിരുന്നു. സർക്കാർ ടെണ്ടറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ക്യാമറകൾക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ വില ഇല്ലെന്നുമായിരുന്നു ആരോപണം. എസ് എൻ സി ലാവ്‌ലിൻ അഴിമതി പോലെയുള്ള അഴിമതിയാണ് എ.ഐ ക്യമാറയിലും നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന നിലപാട് ആവർത്തിക്കുകയാണ് വി ഡി സതീശൻ.

Leave a Reply

Your email address will not be published. Required fields are marked *