Sunday, January 5, 2025
Kerala

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കും: മന്ത്രി വി. ശിവൻകുട്ടി

എല്ലാവരും സ്‌കൂളിലെത്തുന്നതോടെ പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 40 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 60 – 90 ശതമാനം വരെ പാഠഭാഗങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സ്‌കൂളുകളും പ്രവർത്തിക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ മേഖലകളിൽ ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഒരിടവേളക്ക് ശേഷം സ്കൂളുകള്‍ വീണ്ടും സാധാരണ നിലയിലാവുകയാണ്. പ്രീ പ്രൈമറി ഒഴികെയുള്ള ക്ലാസുകളാണ് പഴയ രീതിയില്‍ തുടങ്ങുന്നത്. ഒന്ന് മുതല്‍ 10 വരെ 38 ലക്ഷവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ അറുപതിനായിരത്തോളം വിദ്യാര്‍ഥികളും ക്ലാസുകളിലെത്തും. ഒരു ലക്ഷത്തിൽപരം അധ്യാപകരും സ്കൂളുകളിലുണ്ടാകും.

പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസം 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ച വരെ ക്ലാസുണ്ടാകും. എട്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂള്‍ നടത്തിപ്പെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *