‘സഹായിച്ചത് വൃക്കകള്‍ തകരാറിലായ വ്യക്തിയെ, ഒപ്പിട്ടത് എംഎല്‍എ എന്ന നിലയില്‍’, വിശദീകരണവുമായി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. രണ്ട് വൃക്കകളും തകരാറിലായ വ്യക്തിയെ വ്യക്തിപരമായി അറിയാം. വരുമാനം 2 ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എംഎല്‍എ എന്ന നിലയിലാണ് താന്‍ ഒപ്പിട്ടതെന്നും സതീശന്‍ പറഞ്ഞു.
വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടത് സര്‍ക്കാരാണെന്നും ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. സിഎംഡിആർഫ് തട്ടിപ്പിൽ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ വി ഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ ജനപ്രതിനിധികളുടെ ശുപാർശയുടെ വിവരങ്ങൾ ആയുധമാക്കിയാണ് സിപിഎം തിരിച്ചടിക്കുന്നത്. വൃക്കരോഗിയായ എറണാകുളത്തെ മുൻപ്രവാസി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് വഴി അപേക്ഷ നൽകിയതും ആറ്റിങ്ങലിലെ വ്യാജ അപേക്ഷകളിൽ അടൂർ പ്രകാശ് എംപി ഒപ്പിട്ടതുമാണ് തട്ടിപ്പിന് പിന്നിലെ കോൺഗ്രസ് ബന്ധമായി സിപിഎം എടുത്തുകാട്ടുന്നത്.