കുട്ടികൾ കുടുക്ക പൊട്ടിച്ച കാശും അമ്മമാർ ആടിനെ വിറ്റ കാശും യുഡിഎഫും എൽഡിഎഫും അടിച്ചുമാറ്റുന്നു : കെ. സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേതൂവൽപക്ഷികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാവപ്പെട്ട കുട്ടികൾ കുടുക്ക പൊട്ടിച്ച കാശും അമ്മമാർ ആടിനെ വിറ്റ കാശും അടിച്ചുമാറ്റണമെങ്കിൽ ഇവരൊക്കെ മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണെന്നുറപ്പാണ്. പ്രവാസികൾ ചോരനീരാക്കിയ പണമാണ് പ്രളയകാലത്തും കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്.
അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണികളായ എൽഡിഎഫും യുഡിഎഫും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന കാര്യത്തിലും ഒറ്റക്കെട്ടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പിണറായി വിജയനും സംഘവും നടത്തുന്ന അഴിമതിക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് വിഡി സതീശനും കൂട്ടർക്കുമുള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണം ഉയർന്നപ്പോൾ ഞങ്ങൾ മാത്രമല്ല നിങ്ങളുമുണ്ടെന്ന് എംവി ഗോവിന്ദൻ വിഡി സതീശനോട് പറഞ്ഞത്. കേരളത്തെ ലജ്ജിപ്പിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തുല്ല്യപങ്കുകാരായ ചരിത്രത്തിലെ അപൂർവ്വ തട്ടിപ്പായിരിക്കും ഇതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രിയെ വിശ്വസിച്ചവരെല്ലാം വഞ്ചിക്കപ്പെടുകയാണുണ്ടായത്. സിഎംഡിആർഎഫ് തട്ടിപ്പിൽ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രളയഫണ്ടിന് സമാനമായ രീതിയിൽ സിപിഎം നേതാക്കൾ തന്നെയാണ് തട്ടിപ്പ് സംഘമെന്ന് വ്യക്തമാണ്. ഈ സംഘമാണ് ഇടതുപക്ഷത്തിന്റെയും ഐക്യമുന്നണിയുടേയും ഇടയിലെ പാലമായി പ്രവർത്തിക്കുന്നത്.
കൊവിഡ് കാലത്ത് പിപിഇ കിറ്റിലും ഗ്ലൗസിലും വരെ അഴിമതി നടത്തിയ സർക്കാരിൽ നിന്നും മറിച്ചൊരു ഇടപെടൽ പ്രതീക്ഷിക്കാനാവില്ല. വിജിലൻസിനെ ഇറക്കി ലൈഫ് മിഷൻ മാതൃകയിൽ കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അങ്ങനെയുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും. നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിൽ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ലൈഫ് മിഷൻ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.