പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലല്ല’; വിശദീകരണവുമായി വി ഡി സതീശന്‍
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. താന്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലല്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു അത്. 2006ല്‍ ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കത്തിച്ച സംഭവം ഓര്‍മയില്‍ പോലുമില്ല. വിവിധ സെമിനാറുകളില്‍ അക്കാലത്ത് പങ്കെടുത്തിരുന്നുവെന്നും വി ഡി സതീശന്‍ വിശദീകരിച്ചു.
ആര്‍എസ്എസിനോടാണ് തനിക്ക് എതിര്‍പ്പെന്നും അത് ഹിന്ദുക്കളോടുള്ള എതിര്‍പ്പായി ചിത്രീകരിക്കേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു വര്‍ഗീയവാദിയുടേയും വോട്ടുചോദിച്ച് താന്‍ പോയിട്ടില്ല. വര്‍ഗീയവാദികള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. സ്വാമി വിവേകാനന്ദന്‍ ഹിന്ദുവിനെക്കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വയും രണ്ടാണെന്ന് ഈ പരിപാടിയിലും താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സജി ചെറിയാന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട വിചാരധാര പരാമര്‍ശത്തിലും വി ഡി സതീശന്‍ വിശദീകരണം നല്‍കി. സജി ചെറിയാന്‍ പറഞ്ഞതിന് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറയുന്ന ആശയങ്ങളുമായി ബന്ധമുണ്ടെന്നത് ഒരു ബിജെപി നേതാവും നിഷേധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി കെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മതേതരത്വം എന്നത് ഭരണഘടനയില്‍ നിന്ന് നീക്കണമെന്നാണ്. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഭരണഘടനയെ ഭാരതീയവത്ക്കരിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞെന്ന് കൃഷ്ണദാസ് പറയുന്നു. എന്നാല്‍ കോടതി വ്യവഹാരങ്ങളെ ഭാരതീയവത്ക്കരിക്കണമെന്ന് മാത്രമാണ് പ്രസംഗത്തില്‍ ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ആര്‍എസ്എസ് വേദിയിലെന്ന് പറഞ്ഞ് ബിജെപിക്കാര്‍ പുറത്തുവിട്ട ചിത്രത്തിന് ഏറ്റവും കൂടുതല്‍ പ്രചാരം നല്‍കിയത് സിപിഐഎം ആണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വി എസും സമാനപരിപാടിയില്‍ പങ്കെടുത്തു. തനിക്കെതിരായ ആക്ഷേപങ്ങള്‍ അദ്ദേഹത്തിനും ബാധകമാണെന്ന് സിപിഐഎം തിരിച്ചറിയണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.