Friday, October 18, 2024
Kerala

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് വി ഡി സതീശന്‍; പ്രതിപക്ഷത്തിന് തിരിച്ചറിവുണ്ടായെന്ന് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം.

കേരളത്തിൽ സർണ്ണക്കടത്ത് നടന്നുവെന്നത് യാഥാർഥ്യമാണ്, ഒരുപ്രാവശ്യമല്ല 22 പ്രാവശ്യമാണ് നടന്നത്. 80 കോടിയുടെ സർണ്ണക്കടത്ത് നടത്തിയെന്നാണ് ആക്ഷേപം. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം സർക്കാർ ആവശ്യപ്പെടണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ വേർതിരിവ് ഇപ്പോൾ ഉണ്ടാകുന്നു എന്നതിൽ സന്തോഷം. എഐസിസി പ്രസിഡന്റിന്റെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മറ്റു പ്രതിഷേധപരിപാടിയിൽ പ്രതിപക്ഷ നേതാവിന് പോകാൻ വേണ്ടിയുള്ള തിടുക്കമാണ്. എന്നാൽ ഇ ഡി യെ കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായി അദ്ദേഹം ഉന്നയിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം സർക്കാർ ആവശ്യപ്പെടണമെന്ന് നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടാണ് വിഷയത്തിൽ ഉന്നയിച്ചതെന്ന് വി ഡി സതീശൻ മറുപടി നൽകി.

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രിംകോടതിക്ക് നല്‍കാന്‍ ഇഡി. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.