ക്ഷേമ പ്രവര്‍ത്തനങ്ങലുടെ മറവില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ട്; താക്കീതുമായി മുഖ്യമന്ത്രി
ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ജീവനക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ലാഭേച്ഛയോടെയാണ് ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നത്. ആരും മനസ്സിലാക്കില്ല എന്ന് കരുതിയാണ് ഇത്തരക്കാര്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് കളങ്കം ഉണ്ടാക്കുന്നവരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്. നേരത്തെ സര്‍വീസില്‍ ഉണ്ടായവര്‍ സര്‍വീസില്‍ നിന്ന് പുറത്തായ അനുഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍കൂടി തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.