ക്ഷേമ പെൻഷനുകളെ സംബന്ധിച്ച് പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി
ക്ഷേമ പെൻഷനുകളെ സംബന്ധിച്ച് പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ നടപ്പാക്കിയ പെൻഷൻ പദ്ധതികളും പെൻഷൻ വർധനവുമെല്ലാം കഴിഞ്ഞ യുഡിഎഫ് സർക്കാരും നടപ്പാക്കിയെന്ന തലത്തിൽ ചിലർ പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഫണ്ട് കൊണ്ടാണ് പെൻഷൻ കൊടുക്കുന്നതെന്ന് മറ്റ് ചില കൂട്ടർ പറയുന്നു
ഇതെല്ലാം പെട്ടെന്ന് പൊട്ടി വീണതല്ല. എൽഡിഎഫ് സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടിയപ്പോൾ അതിനെതിരായാണ് ഇത്തരം പ്രചാരണം ആരംഭിച്ചത്. ക്ഷേമപെൻഷനുകളിൽ പ്രതിപക്ഷം വ്യാജ പ്രചാരണവുമായി രംഗത്തുണ്ട്.
സാമൂഹിക സുരക്ഷാ പെൻഷനുകളുടെ ചരിത്രം നോക്കിയാൽ ഇടതു സർക്കാർ ഭരിക്കുന്ന കാലത്താണ് ക്ഷേമ പെൻഷനുകൾ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത്. ഇതിൽ ഇകെ നായനാർ സർക്കാരാണ് 1980ൽ കാർഷിക പെൻഷൻ ആരംഭിച്ചത്. പിന്നീട് വന്ന ഇടതുസർക്കാരാണ് ആ തുക പരിഷ്‌കരിച്ചത്.
ഈ സർക്കാർ അധികാരത്തിൽ വരുന്നത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായ ധാരണയോടെയാണ്. ആദ്യം 1000 രൂപയായും 2019ൽ 1100 രൂപയായും 2020ൽ 1400 രൂപയായും പെൻഷൻ തുക വർധിപ്പിച്ചു. 2021 ജനുവരിയോടെ 1500 രൂപയാക്കി ഉയർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കൾ 33 ലക്ഷമായിരുന്നുവെങ്കിൽ ഇപ്പോഴത് 60 ലക്ഷമായി
കേന്ദ്രസർക്കാരിന്റെ എൻ എസ് എ പി എന്ന പദ്ധതി പ്രകാരം 14.90 ലക്ഷം പേർക്ക് 300 രൂപ മുതൽ 500 രൂപ വരെ പെൻഷനായി നൽകുന്നു. ഈ തുക ഒഴിച്ചാൽ ഇവർക്ക് ലഭിക്കേണ്ട 900 മുതൽ 1100 രൂപ വരെയുള്ള സംഖ്യ സംസ്ഥാന സർക്കാരാണ് നൽകുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.