ആള്‍മാറാട്ട കേസില്‍ ബിട്ടി മൊഹന്തി ഇന്ന് കോടതിയില്‍ ഹാജരാകും
ആള്‍മാറാട്ട കേസില്‍ ഒഡിഷ സ്വദേശി ബിട്ടി മൊഹന്തി ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായേക്കും. ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ ഇറങ്ങി മുങ്ങിയ ബിട്ടി കേരളത്തിലെത്തി ബാങ്ക് ജോലി ചെയ്യവേയാണ് പിടിയിലായത്. 2006ലാണ് ഒഡീഷ മുന്‍ ഡിജിപി ബി.ബി മൊഹന്തിയുടെ മകന്‍ ബിട്ടി മൊഹന്തി ബലാത്സംഗ കേസില്‍ പരോളിലിറങ്ങി മുങ്ങിയത്. ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനായിരുന്നു ശിക്ഷ.
ത്രില്ലര്‍ സിനിമാ കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള ആള്‍മാറാട്ടവും ജീവിതവുമായിരുന്നു കേരളത്തില്‍ ബിട്ടിയുടേത്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജര്‍മജന്‍ യുവതിയെ രാജസ്ഥാനില്‍ വച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ 2006ല്‍ പുറത്തിറങ്ങി മുങ്ങി.
2013 മാര്‍ചച്ച് 9ന് വ്യാജ രേഖ കേസില്‍ പഴയങ്ങാടി പൊലീസിന്റെ പിടിയിലായി ബിട്ടി മൊഹന്തി. വെറുമൊരു ഒളിവ് ജീവിതമായിരുന്നില്ല ബിട്ടിയുടേത്. രാഘവ് രാജ് എന്ന പുതിയ പേര് സ്വീകരിച്ചു. രേഖകളെല്ലാം വ്യാജമായി നിര്‍മിച്ചു. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് മുതല്‍ എന്‍ജിനീയറിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി തരപ്പെടുത്തി. കണ്ണൂരിലെത്തിയ ബിട്ടി കണ്ണൂര്‍ സര്‍വകലാശാലയില്‍ ചേരുകയും എംബിഎ ബിരുദമെടുക്കുകയും ചെയ്തു. തുടര്‍ന്ന് എസ്ബിടിയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.
രാഘവ് രാജനായി, എല്ലാവരെയും കബളിപ്പിച്ച്, ആറുവര്‍ഷത്തിലധികം കണ്ണൂരില്‍ താമസിച്ചുവന്ന ബിട്ടിയെ പക്ഷേ 2013ല്‍ പഴയങ്ങാടി പൊലീസ് തിരിച്ചറിഞ്ഞു. രാഘവ് രാജ് എന്ന പേരില്‍ കഴിയുന്നത് ബിട്ടി മൊഹന്തി ആണെന്ന് കാട്ടി ബാങ്ക് അധികൃതര്‍ക്കും പൊലീസിനും ലഭിച്ച ഊമക്കത്താണ് ബിട്ടിയെ ചതിച്ചത്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിട്ടിക്കെതിരെ പഴയങ്ങാടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.