Monday, January 6, 2025
Kerala

ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

സിപിഐഎം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്.
സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങൾ ഷാനവാസ് നിഷേധിച്ചു.

ഏരിയാ കമ്മറ്റി അംഗം എന്ന നിലയിൽ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കൾ ആണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അതിലുൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു.
അറസ്റ്റിലായ പാർട്ടി പ്രവർത്തകർ മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്. അന്ന് ഒരു നടപടിയും പാര്‍ട്ടി ഇവർക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും ഷാനവാസ് മൊഴി നൽകി.

സിപിഐഎം നേതാക്കൾ ഉള്‍പ്പെടെ നൽകിയ പരാതിയിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം.
തുമ്പോളി, ആലിശ്ശേരി ലോക്കൽ കമ്മറ്റി അംഗങ്ങളും ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റി അംഗവുമാണ് ഷാനവാസിനെതിരെ പരാതി നൽകിയത്. സിപിഐഎം കമ്മീഷൻ അന്വേഷണവും പുരോഗമിക്കുകയാണ്.
കമ്മിഷന്‍ ഫെബ്രുവരി മധ്യത്തോടെ റിപ്പോർട്ട് സമർപ്പിക്കും. പൊലിസ് അന്വേഷണ റിപ്പോർട്ടുകളും ഗൗരവത്തിലെടുക്കുമെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഷാനവാസിനെതിരെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *