കരുനാഗപ്പള്ളി ലഹരിക്കടത്ത്: ഷാനവാസിനെതിരായ നടപടിയെച്ചൊല്ലി ആലപ്പുഴയില്‍ സിപിഐഎം നേതൃത്വം രണ്ട് തട്ടില്‍
കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് വിവാദത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതൃത്വം രണ്ട് തട്ടില്‍. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത എ ഷാനവാസിനെതിരെ തെളിവില്ല എന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തില്‍ ഔദ്യോഗിക വിഭാഗത്തിന് അമര്‍ഷമുണ്ടെന്നാണ് സൂചന. നിരോധിത പാന്‍മസാല കടത്തിയ ലോറി ഷാനവാസിന്റേതാണെന്നും പ്രതികളില്‍ ചിലര്‍ക്ക് ഷാനവാസുമായി ബന്ധമുണ്ടെന്നും തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഷാനവാസിനെതിരായ നടപടിയെച്ചൊല്ലിയാണ് ആലപ്പുഴ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നത്.
വിഷയത്തില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ജില്ലാ സെക്രട്ടറിയേറ്റില്‍ സ്വീകരിച്ച നിലപാട് ഷാനവാസിനെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു. ലഹരിക്കെതിരെയുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഷാനവാസിനെ പുറത്താക്കി എല്‍ഡിഎഫ് നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ നിര്‍ദേശം. എന്നാല്‍ ലഹരിക്കടത്ത് കേസില്‍ ഷാനവാസിനെ പ്രതി ചേര്‍ക്കാത്ത പശ്ചാത്തലത്തില്‍ ഷാനവാസിനെതിരെ നിലവില്‍ സസ്‌പെന്‍ഷന്‍ നടപടി മതിയെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.
ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഷാനവാസിനെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്‌തെന്നും ഇത്തരം വിഷയങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വിശദീകരിച്ചു.