‘നേതാക്കൾക്ക് അസഹിഷ്ണുത, കോൺഗ്രസ് പദവികളിൽ തുടരില്ല’; അനിൽ ആന്റണി രാജിവച്ചു
കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്.
രാജി വ്യക്തിപരമെന്ന് അനിൽ ആന്റണി ട്വന്റി ഫോറിനോട് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം പ്രധാനം. ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുത. കോൺഗ്രസ് അധപതിച്ചെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. ട്വീറ്റ് കാണുമ്പോൾ പോലും അസഹിഷ്ണുതയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് ആരോപണം. ശശി തരൂരും മുല്ലപ്പളിയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ട്വീറ്റ്.