നഗരസഭയിലെ കത്ത് വിവാദം, അന്വേഷണ കമ്മിഷനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല. അന്വേഷണ കമ്മിഷൻ രൂപീകരണം വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കിയാവും ഇക്കാര്യത്തിൽ സിപിഐഎം അന്തിമ തീരുമാനം എടുക്കുക. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടന്നത്.
അതേസമയം, വിജിലൻസ് സംഘം നഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. നേരത്തെ ക്രൈം ബ്രാഞ്ചും ഇവരുടെ മൊഴിയെടുത്തിരുന്നു. വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.അതേ സമയം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് നഗരസഭാ ജീവനക്കാർ; വിജിലൻസ് സംഘം മൊഴി രേഖപ്പെടുത്തിRead Also:
ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാൽ ഇത് സാധൂകരിക്കണമെങ്കിൽ കത്തുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനൽ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
ഒറിജിനൽ കത്ത് കണ്ടെത്താൻ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. മേയറുടെ മൊഴിയടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് വ്യക്തമാക്കുന്നത്. കേസെടുത്തു അന്വേഷണം വേണമെന്ന ശുപാർശ ചെയ്‌തുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ ക്രൈം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. ഡി.ആർ അനിലിന്റെ കത്തിന്റെയും ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുകളുണ്ടാക്കി ചിത്രങ്ങളെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.
സംഭവത്തിൽവിജിലൻസ് അന്വേഷണവും തുടരുകയാണ്. നാല്പതിനാല് ദിവസമാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് നല്കിയിരിക്കുന്നത്. പരമാവധി മൊഴിയെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ തീരുമാനം.