Tuesday, January 7, 2025
Kerala

പാറശാല ഷാരോണ്‍ വധക്കേസ്; കുറ്റപത്രം സമർപ്പിക്കും, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. ഷാരോണ്‍ കേസിൻെറ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *