രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുമ്പ് ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു
ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല രാജിവച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് രാജി. അതേസമയം ‘ജോയിൻ കോൺഗ്രസ്’ പ്രചാരണവുമായി രാഹുൽ എത്തുമ്പോൾ, സംസ്ഥാനത്ത് ‘ക്വിറ്റ് കോൺഗ്രസ്’ പ്രചാരണം നടക്കുകയാണെന്ന് ബിജെപി പരിഹസിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോറിനും വഗേല രാജിക്കത്ത് സമർപ്പിച്ചു. ഈ വർഷം ജനുവരിയിലാണ് 35 കാരനായ വിശ്വനാഥ് സിംഗ് വഗേലയെ ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബൂത്ത് ലെവല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ‘പരിവര്‍ത്തന്‍ സങ്കല്‍പ്’ റാലിയില്‍ സംവദിക്കാനാണ് രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തിൽ എത്തുന്നത്.
പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. ‘സംസ്ഥാനത്തെ ജോയിന്‍ കോണ്‍ഗ്രസ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ എത്തുകയാണ്, പക്ഷേ ഇവിടെ ഇപ്പോൾ ക്വിറ്റ് കോണ്‍ഗ്രസ് പ്രചരണമാണ് നടക്കുന്നത്’- ഗുജറാത്ത് ബിജെപി വക്താവ് റുത്വിജ് പട്ടേല്‍ പ്രതികരിച്ചു. കഴിഞ്ഞ മാസങ്ങളിൽ രജീന്ദർ പ്രസാദും നിരവധി ഉന്നത നേതാക്കളും ഉൾപ്പെടെ കോൺഗ്രസ് വിട്ടിരുന്നു.