Thursday, April 10, 2025
Kerala

‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനല്‍ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങള്‍ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അതിരൂക്ഷമാകുകയാണ്. ഗവര്‍ണര്‍ കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ചാന്‍സലര്‍ക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *