Wednesday, January 8, 2025
Kerala

ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല: വി.മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിറവേറ്റുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെ ആര്‍എസ്എസ് അജന്‍ഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭരണത്തലവന്‍ സംസ്ഥാനത്തിന്റെ ഭരണത്തിന്റെ അധിപനെതിര കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസന്തയെ ബഹുമാനിക്കുന്നവര്‍ക്ക് ചേര്‍ന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു

ആര്‍എസ്എസ് ചട്ടുകമെന്ന് ഗവര്‍ണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യുജിസി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവര്‍ണര്‍ വഴങ്ങിക്കൊടുക്കണമോ എന്നും വി.മുരളീധരന്‍ ചോദിച്ചു. വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാതനയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *