‘ പ്രസ്താവന അസംബന്ധം, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം’; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി
സര്‍വകലാശാല നിയമനവിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിനെ വരെ ഗവർണർ വിമർശിക്കുന്നു. പോസ്റ്റർ രാജ് ഭവനിൽ ആണോ കൊണ്ട് പോകേണ്ടത് ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.