തമിഴ‍്‍നാട്ടിൽ ജാഗ്രതാ നിർദേശം, സുരക്ഷ നേരിട്ട് ഏകോപിപ്പിച്ച് ഡിജിപി; കോയമ്പത്തൂരിലേത് ചാവേറാക്രണമെന്ന് സൂചന
കോയമ്പത്തൂർ: കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന സൂചനകൾക്ക് പിന്നാലെ തമിഴ്നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം. ദീപാവലി ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്രബാബു നേരിട്ടാണ് സുരക്ഷാ മേൽനോട്ടം ഏകോപിപ്പിക്കുന്നത്.
ഇന്നലെ പുലർച്ചെ കോയമ്പത്തൂർ ടൗൺ ഹാളിന് സമീപമുണ്ടായ സ്ഫോടനം ചാവേറാക്രമണം ആകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ നഗരത്തിലുൾപ്പെടെ സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപത്താണ് കാറിനകത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. സിഎൻജി ഉപയോഗിച്ച് ഓടുന്ന കാറിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സ്ഫോടനം ഉണ്ടായി എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിശോധനയിൽ കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തിയതിന് പിന്നാലെയാണ് ദുരൂഹത ഉയർന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) ആണ് എന്ന് തിരിച്ചറിഞ്ഞത് വഴിത്തിരിവായി. 2019ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്ന ആളാണ് ഇയാൾ. കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞ ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തു ശേഖരവും കണ്ടെത്തി. ഇതോടെയാണ് നടന്നത് ചാവേർ ആക്രമണമെന്ന സംശയം പ്രബലമായത്.