Wednesday, April 16, 2025
Kerala

തേൻ, കുടംപുളി, പൊടിപിടിച്ച നോട്ടുകെട്ടുകൾ; കൈക്കൂലിയായി എന്തും വാങ്ങും, സുരേഷിന്റെ മുറിയിൽ വിജിലൻസ് കണ്ടത്

2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് വിജിലൻസ് പരിശോധന. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്.

ആദ്യം ചോദ്യം ചെയ്തപ്പോൾ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും കണ്ടെടുത്തു.

പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകും. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കും. വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ ക്രമക്കേട് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *