പാറശാല മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; ഡ്യൂട്ടി ഡോക്ടറിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ 5,700 രൂപയും ഇറച്ചിക്കോഴിയും പിടിച്ചെടുത്തു
പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തി കടന്നെത്തുന്ന മൃഗങ്ങളെയും കോഴികളെയും പരിശോധിക്കാതെ കടത്തി വിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൃഗസംരക്ഷണ വകുപ്പിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌റിൽ നിന്നും 5700 രൂപ പിടികൂടി. കൈക്കൂലിയായി ലഭിച്ച പണമെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയ ഇറച്ചിക്കോഴിയും കണ്ടെത്തി.
ഇന്നലെ അർധരാത്രി 12 മണിക്ക് ആരംഭിച്ച പരിശോധന പുലർച്ചെ 4 മണി വരെ നീണ്ടു. ചെക്ക് പോസ്റ്റിലെ ഒരു ഡോക്ടർ കൈക്കൂലി വാങ്ങുന്നുവെന്നു വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ ഡോക്ടർ ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്നാണ് പണം പിടിച്ചത്. ഇവരിൽ നിന്ന് പിടിച്ച ഇറച്ചി കോഴികൾ പരിശോധനയ്ക്കായി ശേഖരിച്ചതാണെന്ന് ഡോക്ടർ വിജിലൻസിനോട് പറഞ്ഞു. എന്നാൽ വിജിലൻസ് മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
വരും ദിവസങ്ങളിലും സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്താനാണ് വിജിലൻസ് നീക്കം.