Thursday, January 2, 2025
Kerala

കുത്തിപ്പൊളിച്ചവർക്ക് റോഡ് പഴയ പടിയാക്കാനും ഉത്തരാവാദിത്വമുണ്ട്: ജല വകുപ്പിനെതിരെ മന്ത്രി റിയാസ്

 

റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതിയിൽ നിന്ന് വിമർശനമേൽക്കേണ്ടി വന്നതിന് പിന്നാലെ ജല വകുപ്പിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി വിമർശിച്ചു.

കുത്തിപ്പൊളിച്ച റോഡുകൾ പഴയ പടിയാക്കാൻ കുത്തിപ്പൊളിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്. ജല അതോറിറ്റി അത്തരത്തിൽ റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ അത് പഴയ നിലയിലാക്കണമെന്ന് 2017ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ ജല അതോറിറ്റി അത് പഴയ സ്ഥിതിയിലാക്കണം

എൻജിനീയർമാർക്ക് ഇക്കാര്യത്തിൽ സന്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത കാലയളവിൽ റോഡുകൾ അറ്റകുറ്റ പണി നടത്താനുള്ള ഉത്തരവാദിത്വം കരാറുകാർക്കുണ്ട്. ഇത് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമുണ്ട്.

എന്നാൽ കുടിവെള്ള വിതരണത്തിനായി പൊളിച്ച റോഡുകൾ പെട്ടെന്ന് മൂടാൻ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പൈപ്പിട്ട ഉടനെ മൂടിയാൽ പിന്നീട് പരിശോധന നടത്തുമ്പോൾ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ വീണ്ടും പൊളിക്കേണ്ടി വരും. മന്ത്രി റിയാസുമായി അടുത്തയാഴ്ചയിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *