ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഫീല്‍ഡിലേക്ക്’; റോഡ് പരിശോധനക്ക് സ്ഥിരം സംവിധാനം; മന്ത്രി പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥിരമായ റോഡ് പരിപാലന പരിശോധനക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്.
ചുമതലയുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദേശിക്കുന്നത്. ഉദ്യോഗസ്ഥർ സമയബന്ധിതമായി ഫീൽഡിൽ പോയി പരിശോധന നടത്തണം എന്ന പ്രധാന ഉത്തരവാദിത്തം നിർവ്വഹിക്കുവാൻ ഈ സംവിധാനം കൊണ്ട് ഭാവിയിൽ സാദ്ധ്യമാകുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ പ്രത്യേക സംഘം ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. ഈ ടീം പരിശോധനക്ക് ശേഷം നൽകുന്ന റിപ്പോർട്ട് വിലയിരുത്തിയാകും തുടർ നടപടികൾ സ്വീകരിക്കുക.
വകുപ്പിലെ നോഡൽ ഓഫീസർ ചുമതലയിലുള്ള ഐ എ എസ് ഓഫീസർമാർ, ചീഫ് എഞ്ചിനിയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ, എക്സിക്യൂട്ടിവ് എഞ്ചിനിയർമാർ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. ഇതോടൊപ്പം ക്വാളിറ്റി കൺട്രോൾ വിംഗിലെ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലുണ്ട്. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഈ സംഘം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും.