Thursday, April 10, 2025
Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ യാത്രയ്ക്ക് കര്‍ശന സുരക്ഷാ മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്. കുട്ടികള്‍ക്കും അവര്‍ യാത്ര ചെയ്യേണ്ട വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങളുണ്ട്.

എല്ലാ വിദ്യാര്‍ത്ഥികളും ഹാന്റ് സാനിറ്റൈസര്‍ കരുതണം, ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന തരത്തില്‍ ക്രമീകരണം വേണമെന്നും നിന്നുകൊണ്ട് യാത്ര അനുവദിക്കരുതെന്നും ഗതാഗത വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്. കുട്ടികള്‍ മാസ്‌ക് ധരിക്കണം, പരസ്പരം സ്പര്‍ശിക്കരുത്, സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ബസ് ഡ്രൈവര്‍മാരും അറ്റന്‍ഡര്‍മാരും ശ്രദ്ധിക്കണം. ഇവര്‍ രണ്ട് ഡോസ് വാക്സിനെടുത്തവരാകണം. അവരുടെ താപനില പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പനിയോ, ചുമയോ രോഗ ലക്ഷണങ്ങളോ ഉളള വിദ്യാര്‍ത്ഥികളെ യാത്രചെയ്യാന്‍ അനുവദിക്കരുത്. വാഹനത്തില്‍ സാനിറ്റൈസറും ശരീര താപനില അളക്കുന്ന തെര്‍മല്‍ സ്‌കാനറും കരുതണമെന്നും മാര്‍ഗരേഖയിലുണ്ട്.

സ്‌കൂള്‍ വാഹനങ്ങളില്‍ സീറ്റ് കവറോ, കര്‍ട്ടനോ ഇടരുത്. എസിയും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിപ്പിച്ച ശേഷം വാഹനം അണുനാശിനിയോ, സോപ്പോ ഉപയോഗിച്ച് കഴുകണം. കോണ്‍ട്രാക്ട് വാഹനങ്ങളും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പാക്കണം. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 20ന് മുന്‍പ് സ്‌കൂളുകളിലെത്തി കുട്ടികള്‍ക്കുളള വാഹനങ്ങളുടെ ക്ഷമത പരിശോധിക്കണം. ഫിറ്റ്നസ് പരിശോധിച്ച് ട്രയല്‍ റണിന് ശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയാലേ വാഹനം ഉപയോഗത്തിന് നല്‍കാവൂ എന്നും ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *