Saturday, April 12, 2025
Kerala

ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’; നിര്‍ദ്ദേശങ്ങള്‍ നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

 

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പരീക്ഷകള്‍ പിന്‍വലിച്ചതിനു പിന്നാലെ ‘വീട്ടുപരീക്ഷ’ യുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുസ്തകരൂപത്തിലുള്ള രേഖ നല്‍കുന്നത്. മേയ് 10ന് അകം ഉത്തരങ്ങളെഴുതി തിരികെ നല്‍കണം. പിന്നീട് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും. എല്ലാവരെയും ജയിപ്പിക്കുമെങ്കിലും സ്കോര്‍ കണക്കാക്കുന്നത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
സാധാരണ പരീക്ഷാരീതിയില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തില്‍ മെയ്‌ 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നല്‍കണം. ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു പുസ്തകത്തില്‍ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തില്‍ തന്നെ എഴുതുകയും വേണം. കുട്ടികള്‍ക്ക് സ്വന്തമായി ഉത്തരമെഴുതാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായം നല്‍കാം. നിര്‍ദേശിക്കുന്ന സമയത്തിനുള്ളില്‍ കുട്ടികള്‍ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണംഎന്നും അധ്യാപകരുടെ സഹായം ആവശ്യമെങ്കില്‍ തേടാം എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരേ പുസ്തകത്തില്‍ തന്നെ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തുന്നത് അധ്യാപകര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *