Saturday, January 4, 2025
Kerala

പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്

തിരുവനന്തപുരം: വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സര്‍പ്പ എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.

സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെടുകയും പൊതുജനങ്ങളുടെയും തങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അവയെ പ്രദര്‍ശിപ്പിക്കുകയും മറ്റുതരത്തില്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. കേരളത്തില്‍ ജനവാസകേന്ദ്രങ്ങളിലടക്കം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും പാമ്പുകളുടെസാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഏതാണ്ട് 334 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1860 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടന്‍ വിദൂരത്തുള്ള ജനവാസകേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുകള്‍ക്ക് പാമ്പുപിടുത്തക്കാരുടെ സഹായമാണ് വകുപ്പ് തേടുക. ഇതിന്റെ മറവില്‍ ചുരുക്കം ചിലര്‍ വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാമ്പുകളുടെ വാസസ്ഥലങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും അറിവും ധാരണയുമില്ലാത്തതാണ് കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പാമ്പുപിടുത്തക്കാര്‍ക്ക്പരിശീലനം നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *