Friday, January 10, 2025
Kerala

മയക്കുമരുന്ന് കച്ചവടം നടക്കുന്നത് മതാടിസ്ഥാനത്തിലല്ലെന്ന് മുഖ്യമന്ത്രി: കണക്കുകളില്‍ അസ്വാഭാവികതയില്ല

 

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് വില്‍പനക്കാരും ഉപയോക്താക്കളും പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണെന്നതിന് തെളിവുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നു കച്ചവടം നടക്കുന്നത് മതാടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതുമായി ബന്ധപ്പെട്ടോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതിനോ സംസ്ഥാനത്ത് കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍പ്പെട്ടവരുടെ കണക്ക് മുഖ്യമന്ത്രി പുറത്തുവിട്ടു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്ടിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസുകളില്‍പ്പെട്ടത് 45 ശതമാനത്തോളം ഹിന്ദു മതത്തില്‍പ്പെട്ട ആളുകളാണ്. ഈ വിഭാഗത്തിലെ 2700 പേരാണ് മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1869 പേര്‍ മുസ്ലീങ്ങളാണ്. 34.47 ശതമാനത്തോളമാണ് ഇത്. ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ നിന്ന് 883 പേര്‍ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 15ശതമാനത്തോളം പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കണക്കുകളില്‍ അസ്വാഭാവിക അനുപാതമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാര്‍ക്കോട്ടിക്സിന് പിന്നില്‍ ഏതെങ്കിലും സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *